National
പാറ്റ്ന: ബിഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറമിൽ നിന്നും പാറ്റ്നയിലേക്ക് പുറപ്പെടാനിരുന്ന സസാറം- പാറ്റ്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
ട്രെയിൻ പുറപ്പെടുന്നതിനായി പ്ലാറ്റ്ഫോം നമ്പർ ആറിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ജനറൽ കോച്ചുകളിലൊന്നിൽ പെട്ടെന്ന് തീപിടിത്തമുണ്ടായത്. രാവിലെ 6.45 ന് പാറ്റനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആയതിനാൽ ആ സമയത്ത് നിരവധി യാത്രക്കാർ കോച്ചിനുള്ളിലുണ്ടായിരുന്നു.
സ്റ്റേഷനിൽ ഒരു ഉന്തും തള്ളും ഉണ്ടായെങ്കിലും റെയിൽവേ ജീവനക്കാരുടെ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. അപകടത്തിൽ ട്രെയിനിന്റെ ഒരു ജനറൽ കോച്ച് പൂർണ്ണമായും കത്തിയമർന്നു. സമീപത്തുള്ള മറ്റൊരു കോച്ചിന്റെ പിൻഭാഗത്തിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
National
പറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് അനിവാര്യമായത്. പുതിയ മുഖ്യമന്ത്രി ബിജെപിയിൽനിന്നെന്നാണ് പുറത്തുവരുന്ന വിവരം.
ബിഹാറിലെ ബിജെപി നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചർച്ചകളൊന്നും നടന്നില്ല. ഡൽഹിയിൽ ചേരാനിരുന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് പെട്ടെന്ന് റദ്ദാക്കിയത്. ഇതിനുള്ള കാരണം ബിജെപി നേതൃത്വം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ബിഹാറിൽ ജെഡിയു നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കാൻ ബിജെപിക്കായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ശനിയാഴ്ച പട്നയിലെ നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി. രണ്ടരമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രി, മന്ത്രിസഭയിലെ ജെഡിയു പ്രാതിനിധ്യം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും ബിഹാർ പാർലമെന്റ് കാര്യ മന്ത്രി വിജയ് കുമാർ ചൗധരിയും നിതീഷ്കുമാറുമായി ചർച്ച നടത്തിയിരുന്നു.
നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന വിജയകുമാർ ചൗധരി നേരത്തേ മുഖ്യമന്ത്രിയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം സർക്കാരിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നണിയിലെ മറ്റൊരു പാർട്ടിയായ ലോക്ശക്തിയുടെ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ, സർക്കാരിന്റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണഫോർമുല അതേപടി തുടരുമെന്നും വ്യക്തമാക്കി. ഏതൊരു പുതിയ നേതാവു വന്നാലും നിതീഷിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ പാറ്റനയിൽ യോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
Sports
പാറ്റ്ന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വൈഭവ് സൂര്യവൻഷിക്ക് പാരിതോഷികം നൽകി ബിഹാർ സർക്കാർ. 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ വൈഭവിന് സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയ ചടങ്ങിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കായികമന്ത്രി ശ്രേയസി സിംഗ് തുടങ്ങിയവർ പങ്കെടുത്തു. ഹരാരെയിൽ നടന്ന ഫൈനലിൽ താരം 80 പന്തിൽ നിന്ന് 175 റൺസെടുത്തിരുന്നു. 15 സിക്സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പടിച്ചത്.
ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 169.50 എന്ന സ്ട്രൈക്ക് റേറ്റിലും 62.71 ശരാശരിയിലുമായി 439 റൺസാണ് വൈഭവ് നേടിയത്. ഫൈനലിലെയും ടൂർണമെന്റിലെയും താരവും വൈഭവായിരുന്നു.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിലേക്ക് നാല് റേഞ്ച് റോവർ എസ്യുവികൾ വരുന്നു. ഇതിനായി 11.17 കോടി രൂപ സർക്കാർ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വാഹനത്തിന് സമാനമായ വാഹനമാണ് നിതീഷ് കുമാറും സ്വന്തമാക്കുന്നത്.
നിലവിലെ യാത്രകൾക്ക് ഹ്യുണ്ടായി അയോണിക് 5 എന്ന ഇലക്ട്രിക് വാഹനമാണ് നിതീഷ് കുമാർ ഉപയോഗിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള യാത്രകൾക്കായി ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ടാറ്റ സഫാരിയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് മുഖ്യമന്ത്രിക്കായി റേഞ്ച് റോവർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്.
ഇതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന റേഞ്ച് റോവർ എസ്യുവികൾ എത്തിക്കുന്നത്.
National
പാറ്റ്ന: മുതിർന്ന ജെഡി-യു നേതാവ് നരേന്ദ്ര നാരായൺ യാദവ് ബിഹാർ ഡെപ്യൂട്ടി സ്പീക്കറാകും. ഇദ്ദേഹം ഇന്നലെ പത്രിക സമർപ്പിച്ചു.
ആലംനഗറിൽനിന്ന് ഏഴു തവണ യാദവ് നിയമസഭാംഗമായിട്ടുണ്ട്. ബിഹാറിൽ പ്രോടെം സ്പീക്കറായി നിയമിതനായത് ഇദ്ദേഹമായിരുന്നു. രണ്ടാം തവണയാണ് നരേന്ദ്ര നാരായൺ യാദവ് ഡെപ്യൂട്ടി സ്പീക്കർസ്ഥാനത്ത് എത്തുന്നത്.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിഹാറിലെ ഏഴ് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ആരോപിച്ചാണ് നടപടി.
സേവാദളിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പസ്വാന്, ബിപിസിസി മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്മാന്, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര് ശര്‍മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര് രാജന്, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുന്ദന്‍ ഗുപ്ത, അതിപിന്നാക്ക വിഭാഗം മുന്‍ അധ്യക്ഷ കാഞ്ചനാ കുമാരി, ബാങ്ക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രവി ഗോള്‍ഡന്‍ എന്നിവരെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്.
National
പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തയാറെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാറ്റ്നയിൽ പുറത്തേക്ക് വികസനം എത്തണമെന്നും സീമാഞ്ചല്‍ മേഖലയില്‍ നീതി ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചത്.
തീവ്രവാദം വളരാന്‍ അനുവദിക്കില്ല എന്ന ഉറപ്പുകൂടി ലഭിച്ചാല്‍ തന്റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നിതീഷിന് നല്‍കുമെന്നും ഒവൈസി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.
വികസനം എത്തിനോക്കിയിട്ടില്ലാത്ത മേഖലയാണ് സീമാഞ്ചല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രദേശത്തിനായി ഒവൈസി ശക്തമായി വാദിച്ചത്. മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള മേഖലയാണ് സീമാഞ്ചല്‍.
കാലങ്ങളായി വികസനമില്ലാത്ത പ്രദേശമായി ഇത് തുടരുകയാണ്. കുടിയേറ്റവും അഴിമതിയും കാരണം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. വികസനം പാറ്റ്നയ്ക്കും രാജ്ഗിറിനും അപ്പുറത്തേക്ക് എത്തേണ്ടതുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
National
പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നാളെ അധികാരമേൽക്കാനിരിക്കേ മന്ത്രിസ്ഥാനത്തിനായി ചരടുവലി ഊർജിതമായി.
സ്പീക്കർസ്ഥാനത്തിന് ജെഡി-യുവും ബിജെപിയും അവകാശമുന്നയിച്ചു. കാലാവധി പൂർത്തിയായ നിയമസഭയിൽ സ്പീക്കർസ്ഥാനം ബിജെപിക്കും ഡെപ്യൂട്ടി സ്ഥാനം ജെഡി-യുവിനുമായിരുന്നു.
ജെഡി-യുവിലെ വിജയ് ചൗധരിയും ബിജെപിയിലെ പ്രേംകുമാറുമാണ് സ്പീക്കർസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുന്നിൽ. ആഭ്യന്തര വകുപ്പിലും ബിജെപിക്കും ജെഡി-യുവിനും നോട്ടമുണ്ട്. പുതിയ മന്ത്രിസഭയിൽ ആറു പേരെങ്കിലും പുതുമുഖങ്ങളായിരിക്കും.
National
പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി ജെഡിയു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിംഗും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
ജെഡിയുവിന് 14 മന്ത്രിമാരുണ്ടാകും. ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാരുണ്ടാകും. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് മൂന്നും ജിതിന് റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
തിങ്കളാഴ്ച എന്‍ഡിഎ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടക്കുമെന്നാണ് സൂചന.
National
പാറ്റ്ന: ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് കാണിച്ചെന്ന് ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ബിഹാറില്‍ വോട്ടുചെയ്യാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വോട്ടര്‍മാരെ ബിജെപി വ്യാപകമായി എത്തിച്ചു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ സമയത്ത് ബിജെപി അവരുടെ വിശ്വസ്തരായ വോട്ടര്‍മാരെ തിരിച്ചറിഞ്ഞുവെന്നും ഡല്‍ഹിയിലും ഹരിയാനയിലും അവരുടെ പേരുകള്‍ ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ട്രെയിനിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വോട്ടർമാരെയെത്തിച്ചത്.
പിന്നീട് ലക്ഷക്കണക്കിന് വരുന്ന ആ വോട്ടര്‍മാരെ ബിഹാറിലെ വിവിധ മണ്ഡലങ്ങളിലേക്ക് അയച്ചു. അവര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് മുതല്‍ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപിയാണ്. അങ്ങനെയാണ് ബിഹാറിലെ പോളിംഗ് ശതമാനം ഉയർന്നതെന്നും അദ്ദേഹം ആരോപിച്ചു.
National
പറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കും.
20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞില്ല. താൻ സർക്കാരിന്റെ ഭാഗമായിരുന്ന ചെറിയ സമയത്ത് അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്.
എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ താൻ പറയൂ. ഇത് എന്റെ പ്രതിജ്ഞയാണെന്നും തേജസ്വി വ്യക്തമാക്കി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് പാറ്റ്നയിലെത്തും.
243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി അടുത്തമാസം 22 ന് അവസാനിക്കുകയാണു. വിവിധ ഘട്ടങ്ങളിലായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.
തീയതി പ്രഖ്യാപിക്കും മുന്‍പുള്ള സംസ്ഥാനസന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴ്വഴക്കങ്ങളിലൊന്നാണ്.
National
സസാറാം (ബിഹാര്‍): വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ നടത്തുന്ന വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധനയ്ക്കെതിരെയും (എസ്ഐആർ) ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ബിഹാറിലെ സസാറാമില്‍ തുടക്കമായി.
ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്നും രാജ്യമെമ്പാടും ആർഎസ്എസും ബിജെപിയും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും യാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ബിജെപി ആസൂത്രിതമായി മോഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകൾ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. എന്നാൽ വെറും നാല് മാസത്തിന് ശേഷം, ബിജെപി സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ തൂത്തുവാരി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടി പുതിയ വോട്ടർമാരെ ചേർത്തതായി ഞങ്ങൾ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെയാണ് ബിജെപി വിജയിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമ്മിഷന് നല്‍കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടിയെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
ഞങ്ങൾ ഒരു പത്രസമ്മേളനം നടത്തി. അടുത്ത ദിവസം തന്നെ, ഒരു സത്യവാംഗ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ബിജെപി നേതാക്കളോട് അവർ അത് ആവശ്യപ്പെടുന്നില്ല. ഇത് ഏതു തരത്തിലുള്ള നിഷ്പക്ഷതയാണെന്നും അദ്ദേഹം ചോദിച്ചു.
ബിഹാറില്‍ മാത്രമല്ല, ആസാമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു. ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ബിഹാറിൽ ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ ആർജെഡിക്കൊപ്പം കൈകോർത്താണ് ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുലിന്റെ നേതൃത്വത്തിലുള്ള വോട്ടർ അധികാർ യാത്ര. സസാറാമിൽനിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് സെപ്റ്റംബർ ഒന്നിന് റാലിയോടെ പാറ്റ്നയിലാണ് വിരാമമാകുക. പതിനാല് ദിവസങ്ങളിലധികം യാത്രയുടെ ഭാഗമായി രാഹുൽ ബിഹാറിൽ ഉണ്ടാകും.